ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ മാവേലിക്കര ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാന്നാര്‍. മാന്നാര്‍ , കുരട്ടിശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന മാന്നാര്‍ ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ്. 4437.51 ഏക്കറാണ് മാന്നാര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. തിരുവിതാംകൂറില്‍ 1940-കളില്‍ അനുവദിക്കപ്പെട്ട നാലഞ്ചു വില്ലേജു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് അച്ചന്‍കോവിലാറും വടക്കുഭാഗത്ത് പമ്പാനദിയും കിഴക്കുഭാഗത്ത് കുട്ടമ്പേരൂരാറും ഒഴുകുന്നു. മുഖ്യവിളകള്‍ നെല്ലും തെങ്ങുമാണ്. കുട്ടനാടിനോട് തൊട്ടുകിടക്കുന്നുവെങ്കിലും അപ്പര്‍ കുട്ടനാടിന്റെ പരിധിയിലാണ് വരുന്നത്. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍, ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നാരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി നടത്തിയ നൂറ് യാഗങ്ങളിലൊന്ന് ഇവിടെയുള്ള തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നുവെന്നും ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് ചക്രവര്‍ത്തി ഈ സ്ഥലത്തിനെ മാന്ധാതാപുരം എന്നു പേരു നല്‍കുകയും ചെയ്തുവത്രെ. പില്‍ക്കാലത്ത് മാന്ധാതാപുരം ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ഓട്ടുപാത്ര നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാണം, ശില്പകല തുടങ്ങിയ മേഖലകളിലെ മാന്നാറിന്റെ പുരാതന പാരമ്പര്യം പ്രസിദ്ധമാണ്..
മാന്നാറിനെപ്പറ്റി പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കൃതയുഗത്തില്‍ ജീവിച്ചിരുന്ന രഘുവംശത്തില്‍പ്പെട്ട മാന്ധാതാവ് ചക്രവര്‍ത്തി പ്രജാക്ഷേമത്തിനുവേണ്ടി 100 യാഗങ്ങള്‍ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താല്‍ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനല്‍കി. പില്‍ക്കാലത്ത് ഇത് ലോപിച്ച് മാന്നാര്‍ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ക്രിസ്തുവര്‍ഷാരംഭത്തില്‍ അറബിക്കടല്‍ മാന്നാര്‍ ഉപഗ്രാമത്തെ സ്പര്‍ശിച്ചു കിടന്നിരുന്നുപോലും. കുരട്ടി (കടലുരുട്ടി), തൃപ്പെരുംതറ (തൃപ്പെരുന്നുറെ), ചാല (ചാലൈ) തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനു തെളിവാണ്. പ്രദേശത്തെ മണ്ണിന്റെ ഘടനയും, ഭൂഗര്‍ഭ ലക്ഷ്യങ്ങളും ഈ അഭിപ്രായത്തോടു യോജിക്കുന്നവയാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്. ഏറത്ത് മേച്ചേരി ഗ്രന്ഥാവലിയിലുള്ള ഒരു ആധാരച്ചാര്‍ത്തില്‍ , ഈ പ്രദേശത്തിന് മാന്നാര്‍ മംഗലം എന്നൊരു പേരുകൂടി ഉണ്ടായിരുന്നതായി കാണുന്നു. ക്രോഷ്ഠപുരം (കുട്ടമ്പേരൂര്‍ കാര്‍ത്ത്യായനീദേവി പ്രതിഷ്ഠ) എന്നത് ലോപിച്ചാണത്രേ കുട്ടമ്പേരൂര്‍ ആയത്. രണ്ടരയടിയോളം ഉയരമുള്ള ബിംബം ശിലയിലല്ലത്രേ. ദര്‍ഭയും മണലും അരച്ചുചേര്‍ത്തുണ്ടാക്കിയ ഒരു പ്രത്യേകതരം കൂട്ടുകൊണ്ടാണ് ഇതു നിര്‍മ്മിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. ആദിത്യദേവനെ വിഷ്ണുരൂപത്തില്‍ പ്രതിഷ്ഠിച്ചിരുന്നത് പാട്ടമ്പലത്തിനു തൊട്ടു കിഴക്കുവശമുള്ള സൂര്യനാരായണ ക്ഷേത്രത്തിലാണ്. കേരളത്തിലെ അപൂര്‍വ്വം സൂര്യക്ഷേത്രങ്ങളിലൊന്നാണിത്. പവിഴശില കൊണ്ടാണ് ബിംബം നിര്‍മ്മിച്ചിരിക്കുന്നത്. തളിയില്‍ വിഷ്ണുക്ഷേത്രം, വൃഷഭശ്ശേരിക്കര (വിഷവര്‍ഷേരിക്കര) ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വിഷവര്‍ഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം എന്നിവയെല്ലാം ഇതേപോലെ ചരിത്രാംശങ്ങള്‍ ഏറെയുള്ളതാണത്രേ. ഈ ക്ഷേത്രങ്ങളില്‍ പലതും നാനാജാതി മതസ്ഥരും ആരാധന നടത്തിവരുന്നതാണ്. തൃക്കരൂട്ടി ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് മുസ്ളീം ജനവിഭാഗം ആരാധന നടത്തിവരുന്നുണ്ട്. ഓമല്ലൂര്‍ വയല്‍വാണിഭം കഴിഞ്ഞുവന്ന ഒരു മുസ്ളീം വ്യാപാരി കൊള്ളക്കാരില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലൂന്നിയ ഐതിഹ്യമാണ് ഇതിനു പിന്നിലുള്ളത്. ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ് പാവുക്കര കുര്യത്തുകടവിലുള്ള സെന്റ്പീറ്റേഴ്സ് ചര്‍ച്ച്. 1498-ല്‍ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറില്‍ സ്ഥാപിച്ച ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിതെന്നു പറയപ്പെടുന്നു. വളരെ പാരമ്പര്യമുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പരുമല പള്ളി. മുസ്ളീം ദേവാലയങ്ങളില്‍ കാലപ്പഴക്കമേറിയതാണ് ഇരമത്തൂര്‍ മുഹിയുദ്ദിന്‍ പള്ളി. ഇസ്ളാം മതപ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വാവരുസ്വാമിയുടെ 13-ാം തലമുറയില്‍പെട്ട സൈഫൂദ്ദീന്‍ ബഹദൂര്‍ വാവരുടെ കുടുംബം ഈ പഞ്ചായത്തിലാണ് താമസിക്കുന്നത്. ഈ ക്ഷേത്ര ഗ്രാമങ്ങളില്‍ തമിഴ് ബ്രാഹ്മണ വിഭാഗം കൂടുതലായി ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഈ ഗ്രാമം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദര്‍ശനത്തിന് സ്ഥിരമായി വന്നുചേര്‍ന്നിരുന്നു. ആ സമയങ്ങളില്‍ പാര്‍ക്കുവനായി രാജാവു നിര്‍മ്മിച്ചതാണ് ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുള്ള കോയിക്കല്‍ കൊട്ടാരം. മുല്ലശ്ശേരികടവില്‍ നിന്നും തണ്ടുവച്ച വള്ളത്തില്‍ കൊട്ടാരത്തിലേക്കു വന്നിരുന്ന ജലപാതയാണ് ഇപ്പോഴത്തെ മണ്ണാത്തറ തോട്. കായംകുളം രാജാവും മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാര്‍ പടനിലം. കൊല്ലവര്‍ഷം 917-ല്‍ (എ.ഡി. 1742) വളരെ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്ത മാന്നാര്‍ ഉടമ്പടിയില്‍ രണ്ടു രാജാക്കന്മാരും ഒപ്പുവച്ചുവെങ്കിലും പിന്നീട് കായംകുളം രാജാവിനെ മാര്‍ത്താണ്ഡ വര്‍മ്മ കീഴടക്കുകയായിരുന്നു. 1923-ല്‍ വെച്ചുര്യേത്ത് മഠത്തിന്റെ വടക്കേ വരാന്തയില്‍ 21 വിദ്യാര്‍ത്ഥികളുമായി ഒരു വിദ്യാലയം ആരംഭിച്ചു. വിളയില്‍ കുടുംബക്ഷേത്രത്തില്‍ 1088 മകരം 14 (1914 ജനുവരി 26) ഞായറാഴ്ച ശ്രീനാരായണഗുരു പ്രസംഗിക്കുകയുണ്ടായി. തുടര്‍ന്ന് ഒരാഴ്ച സ്വാമിജി അവിടെ താമസിക്കുകയും സാമൂഹ്യ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ആദ്യരൂപമായ വില്ലേജു യൂണിയന്‍ രൂപീകരിക്കുന്നത് 1940-ലാണ്. തിരുവിതാംകൂറില്‍ അക്കാലത്ത് അനുവദിച്ചിരുന്ന നാലഞ്ചു യൂണിയനുകളില്‍ ഒന്നായിരുന്നു മാന്നാര്‍. തഹസില്‍ദാര്‍ ആയിരുന്നു വില്ലേജു യൂണിയന്‍ പ്രസിഡന്റ്. ഇപ്പോഴത്തെ സാംസ്കാരിക നിലയം സ്ഥിതി ചെയ്യുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു ക്യാറ്റില്‍ പൌണ്ട് ആണ് പഞ്ചായത്തിലുണ്ടായ ആദ്യത്തെ പൊതുസ്ഥാപനം.